
ഇ20 പെട്രോൾ ഉപയോഗം പഴയ വാഹനങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതികൾ വർധിക്കുന്നതിനിടെ, പരിഹാരമെന്ന നിലയിൽ പ്രീമിയം പെട്രോളിലേക്ക് മാറുന്നവരുടെ എണ്ണവും കൂടുന്നു. സാധാരണ പെട്രോളിനേക്കാൾ ലീറ്ററിന് പത്തുരൂപയോളം അധികം നൽകി 95 ഒക്ടേൻ പെട്രോൾ നിറയ്ക്കുന്ന വാഹന ഉടമകൾക്ക് പക്ഷേ ഒരു കാര്യം അറിയില്ല. പ്രീമിയം പെട്രോൾ ഉപയോഗിച്ചാലും എഥനോൾ മൂലമുള്ള പ്രശ്നങ്ങളിൽനിന്ന് വാഹനങ്ങളെ പൂർണമായി സംരക്ഷിക്കാനാകില്ല.
20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോൾ ഉപയോഗം വ്യാപകമായതോടെയാണ് 2023-ന് മുൻപ് നിർമിച്ച ബൈക്കുകൾ, കാറുകൾ, ചെറുകിട പെട്രോൾ എൻജിനുകൾ എന്നിവയിൽ വിവിധ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യാൻ പ്രയാസം, മൈലേജ് കുറയുക, കാർബുറേറ്റർ, ഫ്യൂവൽ പമ്പ് എന്നിവയുടെ പ്രവർത്തനത്തിൽ തകരാറുകൾ സംഭവിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികൾ.
ഇന്ധന സംവിധാനങ്ങളിലെ റബ്ബർ ഭാഗങ്ങൾ നശിക്കുക, ലോഹഭാഗങ്ങളിൽ തുരുമ്പെടുക്കുക, ഫ്യൂവൽ പൈപ്പുകളിൽ ദ്വാരങ്ങൾ രൂപപ്പെട്ട് പെട്രോൾ ചോരുക തുടങ്ങിയ പ്രശ്നങ്ങളും ചില വാഹനങ്ങളിൽ കണ്ടുവരുന്നുണ്ട്.
ഇത്തരം പരാതികളുമായി വർക്ക്ഷോപ്പുകളിലെത്തുന്നവരോട് സാധാരണ പെട്രോളിന് പകരം പ്രീമിയം പെട്രോൾ ഉപയോഗിക്കാനാണ് ചില മെക്കാനിക്കുകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും നിർദേശിക്കുന്നത്. ഇതോടെ ലീറ്ററിന് ഏകദേശം 114 രൂപ വിലയുള്ള സാധാരണ പെട്രോളിന് പകരം 124 രൂപയോളം നൽകി 95 ഒക്ടേൻ പ്രീമിയം പെട്രോൾ നിറയ്ക്കുന്നവരുടെ എണ്ണവും വർധിച്ചു.
എന്നാൽ ഈ മാറ്റംകൊണ്ട് എഥനോൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നാണ് ശ്രദ്ധിക്കേണ്ടത്. കാരണം, 95 ഒക്ടേൻ പ്രീമിയം പെട്രോളിലും 20 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ട്. അതായത്, സാധാരണ പെട്രോളിൽനിന്ന് പ്രീമിയം പെട്രോളിലേക്ക് മാറിയാലും വാഹനത്തിന്റെ ഇന്ധന ടാങ്കിലെത്തുന്നത് ഇ20 തന്നെയാണ്. എഥനോൾ ഒഴിവാക്കാനാണ് പ്രീമിയം പെട്രോൾ തിരഞ്ഞെടുക്കുന്നതെങ്കിൽ അധികം ചെലവാക്കുന്ന പണത്തിന് പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കില്ല.
100 ഒക്ടേൻ പെട്രോളിൽ എഥനോൾ ഇല്ലേ?
നിലവിൽ പമ്പുകളിൽ സാധാരണയായി ലഭിക്കുന്ന പെട്രോൾ മൂന്ന് വിഭാഗങ്ങളിലായാണ്. നോർമൽ, 95 ഒക്ടേൻ, 100 ഒക്ടേൻ എന്നിവയാണവ. സാധാരണ പെട്രോളിലും 95 ഒക്ടേൻ വിഭാഗത്തിലും ഇ20 മിശ്രിതമാണ് ലഭിക്കുന്നത്. എന്നാൽ എഥനോൾ ചേർക്കാത്ത 100 ഒക്ടേൻ പെട്രോൾ ചില പമ്പുകളിൽ ലഭ്യമാണ്.
ഇതിന് സാധാരണ പെട്രോളിനേക്കാൾ ലീറ്ററിന് ഏകദേശം 55 മുതൽ 60 രൂപ വരെ അധികം നൽകണം. ഒരു ലീറ്ററിന് ഏകദേശം 170 രൂപയാണ് വില.
എന്താണ് 95, 100 ഒക്ടേൻ പെട്രോൾ?
പമ്പുകളിൽ കാണുന്ന 95, 100 എന്നീ അക്കങ്ങൾ പെട്രോളിന്റെ ഒക്ടേൻ റേറ്റിങ്ങിനെയാണ് സൂചിപ്പിക്കുന്നത്. സാധാരണ പെട്രോളിന്റെ ഒക്ടേൻ റേറ്റിങ് 91 ആണ്. എൻജിനുള്ളിൽ ഇന്ധനം അസമയത്ത് കത്തിപ്പിടിക്കുന്നതിനെ പ്രതിരോധിക്കാനുള്ള ഇന്ധനത്തിന്റെ കഴിവാണ് ഒക്ടേൻ റേറ്റിങ് പ്രധാനമായും വ്യക്തമാക്കുന്നത്.
ഉയർന്ന കംപ്രഷനിൽ പ്രവർത്തിക്കുന്ന എൻജിനുകളിൽ സാധാരണ പെട്രോൾ ഉപയോഗിക്കുമ്പോൾ എൻജിൻ നോക്കിങ് (Engine Knocking) എന്ന പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ധനം കൃത്യസമയത്ത് കത്താതെ നേരത്തേ ജ്വലിക്കുന്നതാണ് ഇതിന് കാരണം. ഉയർന്ന ഒക്ടേൻ റേറ്റിങ്ങുള്ള പെട്രോൾ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.
ആഡംബര കാറുകൾ, സ്പോർട്സ് കാറുകൾ, ഉയർന്ന പെർഫോമൻസ് എൻജിനുകളുള്ള വാഹനങ്ങൾ, പ്രീമിയം ബൈക്കുകൾ, സൂപ്പർ ബൈക്കുകൾ എന്നിവയിൽ 95 അല്ലെങ്കിൽ 100 ഒക്ടേൻ പെട്രോൾ ആവശ്യമായി വരാം. എന്നാൽ ഏത് ഗ്രേഡ് ഇന്ധനമാണ് വേണ്ടതെന്ന് വാഹന നിർമാതാക്കൾ നിർദേശിച്ചിട്ടുണ്ടാകും.
കൂടുതൽ വില നൽകിയാൽ മൈലേജും കൂടുമോ?
സാധാരണ വാഹനങ്ങളിൽ 91 ഒക്ടേൻ പെട്രോളിന് പകരം 95 അല്ലെങ്കിൽ 100 ഒക്ടേൻ പെട്രോൾ ഉപയോഗിച്ചാൽ വേഗം കൂടുമെന്നോ മൈലേജ് മെച്ചപ്പെടുമെന്നോ കരുതുന്നത് ശരിയല്ല. ഉയർന്ന ഒക്ടേൻ പെട്രോൾ എല്ലാ വാഹനങ്ങൾക്കും കൂടുതൽ ഊർജമോ മികച്ച പ്രവർത്തനക്ഷമതയോ നൽകണമെന്നില്ല.
വാഹനത്തിന്റെ എൻജിൻ രൂപകൽപ്പനയും നിർമാതാവ് നിർദേശിച്ച ഇന്ധനത്തിന്റെ നിലവാരവുമാണ് ഇവിടെ പ്രധാനം. അതിനാൽ പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നതിന് മുൻപ് വാഹനത്തിന്റെ മാനുവലിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ പരിശോധിക്കണം.
ഇ20 മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി 95 ഒക്ടേൻ പെട്രോളിലേക്ക് മാറുന്നത് മാത്രം പരിഹാരമല്ലെന്നതാണ് വാഹന ഉടമകൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം. എഥനോൾ മിശ്രിതത്തിന്റെ അളവും ഒക്ടേൻ റേറ്റിങ്ങും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്.










